2020 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ സാധാരണ മഴ (ദീർഘകാല ശരാശരിയുടെ 96-104%) ആയിരിക്കുമെന്നാണ്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 30 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 29 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.

സംസ്ഥാനാടിസ്ഥാനത്തിൽ മഴയുടെ ലഭ്യത എങ്ങനെയായിരിക്കും എന്നുള്ള വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മെയ് അവസാന വാരം പ്രസിദ്ധീകരിക്കാനിടയുള്ള ഫോർകാസ്റ്റിൽ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാകെ സീസണിൽ ലഭിക്കാനിടയുള്ള മഴയുടെ പ്രവചനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Disclaimer : രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Date of Issue :15 .0 4 .2020