കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിക്കുന്നു.

മഴ തുടരുന്ന കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റു ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്. ഇത്തരം പ്രദേശങ്ങളിലെ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റെവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാൽ ഉടനെ പ്രവർത്തിക്കാൻ സജ്ജരായിരിക്കേണ്ടതുമാണ്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും വെള്ളക്കെട്ടുകൾ രൂപപ്പെടാനുമുള്ള സാധ്യതയുള്ളതിനാൽ ഇത്തരം അപകട സാധ്യത ബോധ്യപ്പെടുന്ന സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസർമാർക്കും നൽകാവുന്നതാണ്.

അപകട സാധ്യത മുന്നിൽ കാണുന്ന മലയോര മേഖലകളിലും ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള നിർദേശം നൽകാവുന്നതാണ്.

DEOC കളും താലൂക്ക് കണ്ട്രോൾ റൂമുകളും ദുരന്ത സാധ്യത മേഖലകളിലെ സ്ഥിതിഗതികൾ രാത്രി സമയത്തും നിരന്തരം വിലയിരുത്തേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പുറപ്പെടുവിച്ച സമയം : 6: 00 PM
തീയതി : 21/06/2020